Pages

Sunday, July 22, 2012

ഐ നോ വാട്ട് യു ഡിഡ് ഇന്‍ ലാസ്റ്റ് ഓ. ടി./ I KNOW WHAT YOU DID IN LAST O.T.

"ഇന്ന് P.A.C.യില്‍ ഫസ്റ്റ് ഇയെര്‍സ് ആരെങ്കിലും  പോട്ടെ."
ആ ലോട്ടറി തനിക്കു തന്നെ കിട്ടും എന്ന്മനസ്സിലാക്കാന്‍ സിക്സ്ത് സെന്‍സ് ഒന്നും വേണ്ടായിരുന്നു .
" ശരി സര്‍ " അയാള്‍  സമ്മതം അരുളി മുന്‍പോട്ടു നടന്നു.
ഞാന്‍ ഒരു "ഒന്നാം തരം" അനസ്തീഷ്യ ശിശു ആണ് എന്ന് വിളിച്ചറിയിക്കുന്ന  മാതിരിയുള്ള ശരീരഭാഷ , അയാള്‍ക്ക് കൂടുതല്‍ കൂടുതല്‍ പണികള്‍ പാര്‍സല്‍ ആയി എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു .

                   A.C.R., H.D.C. ലാബുകളില്‍ എത്താന്‍ വെമ്പല്‍ കൊള്ളുന്ന സാമ്പിള്‍ ബോട്ടിലുകളുമായി ക്യു നില്‍കുന്നവര്‍,  എമെര്‍ജെന്‍സി തീയെറ്ററിലേക്ക് പോസ്റ്റ്‌ ചെയ്യപ്പെട്ടതിനാല്‍   നിര്‍ബന്ധിത നിരാഹാരം വിധിക്കപ്പെട്ടവര്‍ , പല്ല് കടിക്കുന്നവര്‍ തുടങ്ങി ഒരു നീണ്ട നിര അയാളെ  സ്വാഗതം ചെയ്യാന്‍ നില്‍പ്പുണ്ടായിരുന്നു. തിങ്ങിയ ബസില്‍ ഇടിച്ചു കേറുന്നത് പോലെ അയാള്‍  ആ മുറിയില്‍ കേറി.
                   
                            മുന്നില്‍ പെട്ടെന്ന് രൂപപ്പെട്ട സീനിയര്‍ സര്‍ജന്റെ രൂപത്തെ അയാള്‍ എണീറ്റ്‌ നിന്ന് വണങ്ങി. "ഞങ്ങളുടെ ഒരു ഹൈ റിസ്ക്‌ കേസ് നാളെത്തേക്ക് പോസ്റ്റ്‌ ചെയ്യുന്നുണ്ട്..AS.ഓ MI ഓ റീനല്‍ ഫെയലിയറോ  മറ്റോ ഉണ്ട്. കാര്‍ടിയോളജി ഫിട്നെസ്സ് കിട്ടിയിട്ടുണ്ട്. അവസാനം മല്ലംപട്ടി ഹൈ ക്ലാസ്സ്‌ ആണെന്നും പറഞ്ഞു നിങ്ങള്‍ തട്ടരുത്..."  "സര്‍ മല്ലംപട്ടി അല്ല A.S.A." ..അത് മനസ്സില്‍ മാത്രം പറയാനുള്ള പക്വത അയാള്‍  അപ്പോഴേ ആര്‍ജ്ജിച്ചിരുന്നു.


                                                                          ആരാധകരുടെ എണ്ണം കൂടി കൂടി വരുന്നു... . "ഇതിനെയൊക്കെ ആരാ ഫിറ്റ്‌ ആക്കിയത് ?..... ഇന്നലെ ആരായിരുന്നു പി.എ. സി. യില്‍ ഇരുന്നത്?" ......നാളെ  കേള്‍ ക്കാന്‍  സാധ്യത  ഉള്ള       ഫുച്ചുരിസ്റിക് അശരീരികള്‍  അയാളുടെ  പേനയുടെ സ്പീഡ് നന്നേ കുറക്കുന്നുണ്ട്‌ . പല്ല് കടിച്ചു നിന്നവര്‍ പിച്ചും പേയും പറയാന്‍ തുടങ്ങിയിരിക്കുന്നു  . മാനോമീട്ടെര്‍ ബള്‍ബിന്റെ  ഫിക്സെഡ് ലീക്ക് സിസ്റൊലിക് ബിപി എന്നത് ഒരു അന്ധ വിശ്വാസം  ആക്കിയിരിക്കുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നു. ഫുഡ് വന്നോ എന്തോ. ഫുഡ് വാങ്ങി വയ്ക്കുന്ന ഐ. സി. യു. വിലെ ചേച്ചിയെ വിളിച്ചു നോക്കാം.


" ചേച്ചീ പി. എസി. യില്‍ നിന്നാ.. എന്റെ ഫുഡ് വന്നോ?"
"അയ്യോ ഡോക്ടര്‍ജി . അത് ഞാന്‍ മറ്റേ ഡോക്ടര്‍ജിക്ക് കൊടുത്തു ...മാറി പോയി "...
 "സന്തോഷം...[ബോധമില്ലാത്ത] എന്റെ ചേച്ചീ ..."


              നമ്മുടെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ -ചേച്ചി അനുപാതം 20:1 ആണെന്ന് തോന്നുന്നു ..വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ വേദനിപ്പിക്കരുത് ...അയാള്‍ ആലോചിച്ചു..


                                                                   ഏതാണ്ട് 10 പി.എ.സി. ദിവസങ്ങള്‍ ഇങ്ങനെ കഴിഞ്ഞപ്പോള്‍ .. ...കേസ്‌ ഷീറ്റ്‌ മാറി ഒരു കുഞ്ഞിന്റെതിനു പകരം ഒരു 80 വയസ്സ്   പ്രായമുള്ള അപ്പൂപ്പന്‍റെ പി.എസി ഷീറ്റില്‍ PEDICHLORYL പ്രീ മെടികേഷന്‍  എഴുതിയവന്‍ , ECHO റിപ്പോര്‍ട്ട് ഉദ്ധരിച്ചു "GOOD SYSTOLIC DYSFUNCTION" എന്ന് മണ്ടത്തരം എഴുതിയവന്‍ എന്ന്തുടങ്ങി, ഒരു മലയാളി നടന് കിട്ടിയത് പോലെ, ഒരു തരം  "റാഷ് ഇളിഭ്യന്‍ "‍ ഇമേജ് അയാള്‍ക്ക്‌ ടേബിള്‍ 'പി.ഡി.' സദസ്സുകളില്‍  കിട്ടിത്തുടങ്ങി... 


                          *                      *                     *                      *                   *


                     ചേച്ചിമാര്‍, അഡ്രിനാലിന്‍  ആമ്പ്യൂലുകള്‍ ‍, അനസ്തീഷ്യ മരുന്നുകള്‍, എന്ടോട്രക്ക്യല്‍ ട്യൂബ്   തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമം  അനുഭവിക്കുന്ന ഓ.ടി. യില്‍ , തന്റെ ഡ്രഗ്  ലോഡിംഗ് പ്രക്രിയകള്‍  അയാള്‍ ആരംഭിച്ചു... പച്ച വെള്ളത്തിനോട് കൂടുതല്‍ സാമ്യവും ഫെനിടോയിന്‍ എന്ന മരുന്നിനോട് നേരിയ സാമ്യവും ഉള്ള ഒരു മിശ്രിതം തിരക്കി മറ്റൊരു ഓ.ടി.യില്‍ എത്തിയ അയാള്‍,  അവിടെ 'ഫെയില്‍ഡ്‌ സ്പൈനല്‍ അനസ്തെഷ്യ'ക്ക് ശേഷം ഉള്ള സംഘര്‍ഷ ഭരിതമായ രംഗങ്ങള്‍ കണ്ടു റൂട്ട് മാറ്റി.

                              അയാളുടെ ഓ.ടി.യില്‍ പെഷിയെന്ടു  എത്തി. മാര്‍ബിള്‍  ഭിത്തിയില്‍ തട്ടി തിരിച്ചു വരുന്ന ഡി.ടി.എസ്. മോഡില്‍ ഉള്ള ആ ചുമയെ 'മറി കടന്നു '  'ഫിറ്റ്‌' ആയി  എത്തിയ ആ രോഗി, അയാള്‍ക്ക്, വളരെയധികം പ്രതീക്ഷിച്ച ബ്രൈക്ഫാസ്റ്റ് ഫയറിംഗ് വാങ്ങിക്കൊടുത്തു.


                           ട്രോളി ഉന്തുന്നതില്‍ രണ്ടു വര്‍ഷത്തെ അനുഭവ പരിചയമുള്ള ഓര്‍ത്തോ  പി.ജി. അടുത്ത പെഷ്യെന്റിനെയും തള്ളിയെത്തിക്കഴിഞ്ഞു. "ഇന്നലെ എടുക്കാന്‍ പറഞ്ഞ  ഈ. സി.ജി. എവിടെ?"
 "ദാ ,  ഇപ്പം  ശരിയാക്കിത്തരാം  ?"   ഇ.സി.ജി പെട്ടെന്ന് തന്നെ റെഡിയായി . 
സീനിയര്‍  അനസ്ത്തീസിയ    ചേട്ടന്‍മാര്‍ക്കെല്ലാം ചിരപരിചിതമായ ആ 'ഓര്‍ത്തോ-ഇ.സി.ജി.' അയാള്‍ക്ക്‌ പക്ഷെ പുതിയതായിരുന്നു.  മോനിട്ടരിന്റെ    " അനാവശ്യ "  ശബ്ദ   കോലാഹലങ്ങള്‍  ഇല്ലാത്ത  ശാന്ത  സുന്ദരമായ  അന്തരീക്ഷത്തില്‍  അനസ്തീസിയ  ഒരുങ്ങി..

                                                        ചായയും പഴം പൊരിയും മിസ്സായ വേദന കടിച്ചമര്‍ത്തി അയാള്‍ പെഷ്യിന്ടിനു വേദന സംഹാരി കൊടുത്തു. സീവോഫ്ലൂരെയ്ന്‍ വെപോരയിസരിനു ഒരു മാലയുടെയും ഒരു ഫ്രെയിമിന്റെയും കുറവ് ഉണ്ടായിരുന്നു. പരിപ്പിന്  മുന്‍പ് നെയ്‌ എന്നത് പോലെ അയാള്‍ കൊടുത്ത ഇരുപത്തിയഞ്ച് 'മൈക്രോ' ഗ്രാം ഫെന്ടാനില്‍ ആ വര്‍ഷത്തെ ഫെന്ടാനില്‍ യുഗത്തിന് പരിസമാപ്തി നല്‍കി. ഈ താരം ഔട്ട് ഓഫ് സ്ടോക്ക് ആയി ... ഇനി അടുത്ത വര്ഷം ഇതേ സമയത്ത്.. വീണ്ടും കാണാം...ആ ഫെന്ടാനില്‍ ആമ്പ്യുള്‍  മന്ത്രിച്ചു.


                         *                  *                      *                       *                          *


                                            ലോക്പാല്‍ ബില്‍ പോലെ, അനിശ്ചിതമായി മുന്നോട്ടു പോകുന്ന  തീസിസ്  സബ്മിഷന്‍ , അയാളുടെ   മാനസിക   നിലയില്‍   കാര്യമായ  വ്യതിയാനങ്ങള്‍  വരുത്തി . 72 മണിക്കൂര്‍   തുടര്‍ച്ചയായി  ഡ്യൂട്ടി  എടുക്കുവാന്‍  വിധിക്കപ്പെട്ട്‌ ,   നാറാണത്ത്  കുടുംബത്തില്‍
അംഗങ്ങളാ യിത്തീര്‍ന്ന  ഓര്‍ത്തോ പി.ജി.കളുമായി,  ഈ  സമയത്ത്  ഒരുമിച്ച്  ഡ്യൂട്ടി  എടുക്കേണ്ടി  വന്നത്,   "ഗോപുമോന്‍ - ഭാജി "  ടൈപ്പിലുള്ള  ഒരു  സ്നേഹബനധം അവര്‍  തമ്മില്‍  വളര്‍ന്നു  വരാന്‍  കാരണമായി.  രാത്രി പത്തു  മണിയ്ക്ക്  വളിച്ച   മസാല  ദോശ  എത്തിച്ച   ഹോട്ടലിലെ  പയ്യന്‍സ്,  സ്പിരിറ്റിനു  പകരമായി   Hidrogen peroxide    കയ്യില്‍  ഒഴിച്ചു   കൊടുത്ത  ഹൌസ്  സര്‍ജന്‍   തുടങ്ങിയവര്‍   ആ   ഡ്യൂട്ടിയില്‍ , അയാള്‍ക്ക്‌  താങ്ങും  തണലുമായി .




                         *                     *                      *                     *                        *              
                                           
                         
                ഫൈനല്‍ ഇയര്‍ പ്രാക്ടിക്കല്‍ ഹാള്‍ . ലോങ്ങ്‌ കേയ്സിനായുള്ള കാത്തു നില്പ് കഴിഞ്ഞു........ചങ്കിന്റെ ഇടി നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ASA III എന്നൊരു ലേബല്‍ കൊടുക്കാന്‍ തോന്നിപ്പിക്കുന്ന കേസ്‌ .


                                                                 ഇയാളെ ഓപ്പറേഷന് ശേഷം വരവേല്‍കാന്‍ നില്‍ക്കുന്ന കേടായ വെന്റിലെട്ടരിന്റെ ചിരപരിചിതമായ ഫാള്‍സ് അലാറം ഒരു നിമിഷം അയാളുടെ ചെവിയില്‍ മുഴങ്ങി.
                                                                                    ഗ്ലയ്കോ  കൊടുത്തത് പോലെ വരണ്ടു പോയ അയാളുടെ വായില്‍ നിന്നും വരുന്ന ഇടറിയ ‍ ചോദ്യങ്ങള്‍ കേട്ട  രോഗി  പറഞ്ഞു.  "സാറെ എനിക്കിത്രയും പേടി ഇല്ലല്ലോ?".......
                       
                                 കഥ  ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍  വേതാളം വിക്രമാദിത്യനോടു  ചോദിച്ചു." ഇവിടെ ആദ്യം ചികിത്സ കൊടുക്കേണ്ടത് ആര്‍ക്ക് . രോഗിക്കോ പി .ജി.ക്കോ അതോ നമ്മുടെ മെഡിക്കല്‍ കോളെജുകള്‍ക്കോ?
                                            സത്യം പറഞ്ഞാല്‍ എന്റെ പൊസിഷന്‍ പോകും. പറഞ്ഞില്ലെങ്ങില്‍ തല പൊട്ടിത്തെറിക്കും...  വിക്രമാദിത്യന്‍ ആലോചിച്ചു..... 
                   

            *                          *                             *                               *